സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണത്തിനായി വിദ്യാര്‍ഥികള്‍..

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണത്തിനായി വിദ്യാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങി

കരുവാരകുണ്ട്: ആര്‍ക്കും ഉപയോഗിക്കാവുന്നതും വൈറസുകളില്ലാത്തതുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്നതിനായി വിദ്യാര്‍ഥികള്‍ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് 'സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണ'ത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളുമായി ജനങ്ങളിലേക്കിറങ്ങിയത്. പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് ജനങ്ങളുടെ ഇടയില്‍നിന്ന് ലഭിച്ചത്. കമ്പ്യൂട്ടറുകളുള്ള സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ അന്വേഷിച്ചിറങ്ങിയാണ് കുട്ടികള്‍ ബോധവത്കരണം സംഘടിപ്പിച്ചത്.

ഉബുണ്ടു എന്ന സോഫ്റ്റ്‌വെയറാണ് കുട്ടികള്‍ പരിചയപ്പെടുത്തിയത്. സ്‌കൂളിലെ ഐ.ടി ക്ലബ് കുട്ടികള്‍ ലാപ്‌ടോപ്പുമായായിരുന്നു ബോധവത്കരണം നടത്തിയത്. പരിപാടിയില്‍ നൂറോളം ക്ലബ്ബംഗങ്ങള്‍ പങ്കെടുത്തു.

പരിപാടി മാതൃകാ സ്‌കൂള്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി. ഉമ്മര്‍കോയ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളായ ഹിബ മെഹബൂബ, സജാദ് എം, റാഷിദ് കെ.ടി എന്നിവര്‍ നേതൃത്വംനല്‍കി. സ്മാര്‍ട്ട് സ്‌കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ എ. ഷാജഹാന്‍, കെ. മുഹമ്മദ്, എ. അബ്ദുറഹ്മാന്‍, എം. മണി, പി. മുഹമ്മദ് മന്‍സൂര്‍, പി. ഉണ്ണികൃഷ്ണന്‍, എം. മജീദ്, രാജന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Comments