ANAMI (NOVEL) RAJAN KARUVARAKUNDU


പുസ്തക റിവ്യൂ
കുഞ്ഞു കാര്യങ്ങളിൽ നിന്ന് വലിയ സന്ദേശങ്ങൾ ..
o
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
o
" എപ്പോഴും നൻമ്മ ചെയ്യുക, തിൻമ്മയെ എതിർത്തു തോൽപ്പിക്കുക. അതാവണം പ്രാർത്ഥന. ആർഭാടം പ്രാർത്ഥനയുടെ ഭാഗമല്ല. "
രാജൻ കരുവാരകുണ്ടിന്റെ പുതിയ പുസ്തകമായ " അനാമി" യിലെ പോക്കര്ക്ക എന്ന കഥാപാത്രം മാളുവിനെ ഓർമ്മിപ്പിക്കുന്നവരികളാണിത്. ഇരുനൂറ് പേജുകളിലേക്കെങ്കിലും നീട്ടി വലിച്ച് എഴുതാമായിരുന്ന ഒരു സൃഷ്ടിയെ കൃതഹസ്തമായ എഴുത്തിന്റെ കയ്യടക്കത്തോടെ 70 പേജുകളിൽ ഒതുക്കി മനോഹരമായ സൃഷ്ടിയാക്കി മാറ്റിയ ഈ നോവലിന്റെ മൊത്തം സന്ദേശം കൂടിയാണ് ഇതിലെ വയോധിക കഥാപാത്രം പോക്കരുക്ക യിലൂടെയും മാളു, അനാമി ,റഷീദ്, താത്ത, ഉസ്മാൻ ,അന്യസംസ്ഥന തൊഴിലാളികൾ... ഒക്കെയടങ്ങുന്ന കഥാപാത്രങ്ങളിലൂടെ രാജൻ -വായനക്കാർക്ക് നൽകുന്ന മികച്ച വായനാ സന്ദേശം.
ദാരിദ്ര്യവും ഒറ്റപ്പെടലും വർത്തമാനകാലത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളുമൊക്കെയാണ് അനാമി എന്ന ഈ കൊച്ചു നോവലിലൂടെ ആവിഷ്കൃതമാവുന്നതെങ്കിലും ഒരദ്ധ്യാപകൻ കൂടിയായ രാജൻ കരുവാരകുണ്ടെന്ന കഥാകൃത്ത് സ്വകാര്യ വിദ്യാഭ്യാസത്തിന്റെ പേരിൽ നടക്കുന്ന കൊടിയ ചൂഷണങ്ങളെ തുറന്നു കാട്ടുന്നതോടൊപ്പം പൊതു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു. ഏറനാടൻ ജീവിത പശ്ചാതലത്തിൽ എഴുതപ്പെട്ട ഈ നോവലിൽഇതൾ വിരിയുന്ന ജീവിത പരിസരങ്ങൾക്ക് പഴയ കാലത്തേയും പുതിയ കാലത്തേയും അടയാളപ്പെടുത്തുകയെന്ന ദൗത്യം കൂടി നിർവ്വഹിക്കുന്നു. " കുഞ്ഞയ മൂന്റെ ചായപ്പീടികനാട്ടിൽ പേരുകേട്ടതാണ്.അച്ചനും അമ്മയും അല്ലാത്തതൊക്കെ അവിടെ കിട്ടുമെന്നാ വിലാസിനീടമ്മ പറഞ്ഞത് " ഈ പ്രയോഗം കേരളത്തിന്റെ ഗ്രാമങ്ങൾ നഗരങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന വർത്തമാനകാല യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തുന്നു. പോക്കര്ക്കയുടെ കെട്ടിയോളായിരുന്ന കുഞ്ഞാമിന മരണാസന്നയായിരുന്ന സമയത്ത് പോക്ക്ര്ക്കാക്ക് സമ്മാനിച്ച സിൽക്കിൽ പൊതിഞ്ഞുവെച്ച ഒരു "മാങ്ങാമാല"യുണ്ട്. ആർക്കും കൊടുക്കരുത് എന്റെ ഓർമ്മക്കായി സൂക്ഷിക്കണമെന്ന് കുഞ്ഞാമിന പ്രത്യേകം പറഞ്ഞേൽപ്പിച്ച ആ മാലയാണ് ദിവ്യപ്രണയത്തിന്റെ പ്രതീകമായി ഈ നോവലിൽ വരുന്നത്. അതേ മാലയെ കുറിച്ചാണ്സുലൈഖയെ മുറിയിലേക്ക് വിളിച്ച് പോക്കര്ക്ക പറയുന്നത് " ഇത് അനാമിയുടെ കല്യാണത്തിന് കഴുത്തിൽ ഇടീക്കണം. പഴഞ്ചനെന്ന് ആരു പറഞ്ഞാലും മാറ്റരുത്. നീ സൂക്ഷിച്ചു വെക്കണം." തന്റെ പ്രിയതമ കുഞ്ഞാമിന സമ്മാനിച്ച ഈ പ്രണയോപഹാരം പോക്കര്ക്ക തന്റെ കാലശേഷവും താജ് മഹലിന്റെ പ്രൗഡിയോടെ തിളങ്ങി വിളങ്ങി നിൽക്കാൻ തന്റെ ചെറുമകൾ അനാമിയുടെ കഴുത്തിൽ അത് പ്രണയത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും അനശ്വര പ്രതീകമാവട്ടെ എന്ന് ചിന്തിക്കുന്നിടത്ത് അനാമിയെന്ന നോവലിലെ ഉജ്ജ്വല മുഹൂർത്തം വായനക്കാരിൽ അനുഭൂതി ദായകത്വം നിറക്കുന്നു.
താൻ കണ്ടും കേട്ടും അനുഭവിച്ചതുമായ ചുറ്റുവട്ടത്തിന്റെ ഇത്തിരി പോന്ന ഒരു ലോകത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ നിന്ന് നൻമ്മുടെയും സ്നേഹാധിക്യത്തിന്റേയും വിരഹത്തിന്റെയും പുന:സമാഗമത്തിന്റേയുമൊക്കെ ജീവിത യാഥാർത്ഥ്യങ്ങൾക്ക് കഥാവിഷ്ക്കാരം നൽകുമ്പോൾ അനാമി കാലം നൽകുന്ന സന്ദേശങ്ങളാൽ സമ്പന്നമാവുന്നു. മാളുവിന് ഉസ്മാനെന്ന കെട്ടിയോനിൽ നിന്നുംഅനുഭവിക്കേണ്ടി വരുന്ന ദുരന്താനുഭവങ്ങളും ഉസ്മാനിൽ അടിഞ്ഞുകൂടി കിടക്കുന്ന വികലതയും മാലിന്യതയും ചേർന്ന സ്വാർത്ഥ മോഹങ്ങളുമൊക്കെ പഴയ കാലത്തിനും പുതിയ കാലത്തിനും ഒരു പോലെ ബാധകമാവുന്ന ജീവിത യാഥാർത്ഥ്യങ്ങളാവുമ്പോൾ അനാമി കാലത്തെ എന്നതിലുപരി കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാൻ പറ്റുന്ന നോവലായി മാറുന്നു.
അനാമിയും റഷീദും അടങ്ങുന്ന കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്ന വ്യഥകൾ സമൂഹ മനസാക്ഷിയെ തൊട്ടുണർത്താൻ പാകത്തിൽ കഥയിൽ ആവിഷ്കൃതമാവുന്നു. പ്രവാസത്തിന്റെ നിസ്സഹായതയെ പ്രതിഫലിപ്പിക്കുന്ന അബു, സ്ത്രീത്വത്തെ വേട്ടക്കണ്ണുകളോടെ കാണുന്ന സ്വാർത്ഥതയുടെ പര്യായമായ ഉസ്മാൻ , അന്യസംസ്ഥാന തൊഴിലാളികളുണ്ടാക്കുന്ന നിർമ്മാണവും സംഹാരവും .. എല്ലാം ഒരു ചെറിയ നോവലിൽ ഒതുക്കി പറയുന്ന വലിയ കഥകളുടെ ആവിഷ്കരശൈലി വായനയെ ഹൃദ്യമാക്കുന്നു എന്നിടത്താണ് അനാമി എന്ന നോവൽ വേറിട്ടതാകുന്നത്. സന്തോഷകരമായ ഒരു പരിസമാപ്തിയേക്കാൾ മലയാളിയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാല ദുരന്തങ്ങളിലേക്ക് ടോർച്ച് തെളിക്കുന്നതോടെ ഈ നോവൽ വായനക്കാരന്റെ ചിന്തകൾക്ക് തീ പിടിപ്പിക്കുന്നു എന്നും പറയാം.
o
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
പി.ഒ. അഞ്ചച്ചവിടി
വഴി, കാളികാവ്
പിൻ: 676525
ഫോൺ: 9048540779
o
[12/8, 11:13 PM] Online Help: പ്രസാധകർ
ലിപി പബ്ലിക്കേഷൻസ്
കോഴിക്കോട്
വില: 70 രൂപ

Comments