പാട്ടു രാശിയിലെ വണ്ടി Novel

 പുസ്തകറിവ്യൂ 


         മുറംകീറിപ്പാടത്തുനിന്നും വിളയിച്ചെടുത്ത

         കാർഷിക ജീവിതത്തിൻ്റെനൂറുമേനി.

                                        o

   കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി

                                o 


    കഥകളും നോവലുകളും വായിച്ചാസ്വദിക്കുമ്പോൾ അതുവഴി ചില ഓർത്തെടുക്കലുകളുംകൂടി സൃഷ്ടിക്കുന്ന ചരിത്രത്തിൻ്റെ പുനരാവിഷ്ക്കാരങ്ങൾ കൂടിയാവുംപലപ്പോഴും രൂപ്പപ്പെടുക. ദേശത്തിൻ്റെ കഥകളുടെ വിശാലമായ ക്യാൻവാസിലാണ് എസ്.കെ.പൊറ്റക്കാട് മുതൽ  ഒ.വി.വിജയനും എം.ടിയും തകഴിയും ഇങ്ങേതലക്കൽ എം.മുകുന്ദൻവരേയും ഇതിഹാസസമാനമായ കഥകളുടെ നോവൽ ഭാഷ്യങ്ങൾരചിച്ചിട്ടുള്ളത്.

മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരൊക്കെ അവർ അറിഞ്ഞതും അനുഭവിച്ചതും കേട്ടറിഞ്ഞതുമായ  നാടിൻ്റേയും ദേശത്തിൻ്റേയും ചിന്തകളുടേയും ജീവിതപാശ്ചാതലങ്ങളിൽനിന്നുതന്നെയാണ് തങ്ങളുടെ മികച്ചരചനകൾക്ക് വേണ്ട വിഭവങ്ങൾശേഖരിച്ചിട്ടുള്ളതും. 

   ഏതാണ്ട് ഒരുനൂറ്റാണ്ടോളംപഴക്കമുള്ള കിഴക്കൻഏറനാടിൻ്റെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ചരിത്രത്തെ മുറംകീറി പാടത്തിൻ്റെ കഴിഞ്ഞകാലജീവിത പാശ്ചാതലങ്ങളെ ഏറനാടൻനാട്ടുഭാഷയുടെ സൗന്ദര്യത്തിൽ  രാജൻകരുവാരകുണ്ട് എന്ന എഴുത്തുകാരനും  കഥകൾകൊണ്ട് ചരിത്രാവിഷക്കാരമായി മാറ്റുകയാണ് " പാട്ടുരാശിയിലെവണ്ടി " എന്നനോവലിലൂടെ. 


2020ലെ പൂർണ്ണഉറൂബ് നോവൽ മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ട കൃതിയിലൂടെയാണ് രാജൻ ഈ ദൗത്യം നിർവ്വഹിക്കുന്നത്. 176 പേജുകളിലായി പരന്നുകിടക്കുന്ന നോവൽ കുഞ്ഞുട്ടൻ എന്നകഥാപാത്രം  തൻ്റെബാല്യകാല സ്മരണകൾ സുഹൃത്തായ സുലുവിന്  നവമാധ്യമങ്ങളിലൂടെ കൈമാറുന്ന മെസേയ്ജുകളിലൂടെ ഇതൾ വിരിയുമ്പോൾ പുതിയസൈബർകാലം പഴയ കാല കാർഷികവൃത്തിയുടെവിശുദ്ധിയെ എങ്ങനെ വായിക്കുന്നു എന്നത് വായനയെ അനുഭൂതിദായകമാക്കുന്നു.

ഇത്തരത്തിൽ പുതുമയുള്ള ഒരാഖ്യാന ശൈലിയിൽ രാജൻ പാട്ടുരാശിയിലെവണ്ടിയെ കിഴക്കൻഏറനാടിൻ്റെ ഒരിതിഹാസ സമാനമായ നോവലായി വികസിപ്പിച്ചെടുക്കുകയാണ്. 


   "കൊയ്ത്തുകഴിഞ്ഞപാടത്ത് അസ്തമയത്തിൻ്റെചുകപ്പ്, ഇളംകാറ്റിൻ്റെ തണുപ്പ്, കൂടുതേടിപോകുന്നകൊറ്റികൾ, അവയ്ക്ക് സ്വർണ്ണവർണ്ണം, വരമ്പിൽ ചിലതൊക്കെകൊക്കുതാഴ്ത്തി ഇരകളെ കാത്തിരിക്കുന്നു."   


ഒരു ചലചിത്രത്തിലെദൃശ്യം പോലെ മനസ്സിലൂടെ കടന്നുപോകുന്ന ഇത്തരം ചിത്രങ്ങൾ ഭൂമിയെ തീവ്രവികസനത്തിൻ്റെ വികല പരിഷക്കാരങ്ങൾ പിടികൂടും മുമ്പുള്ള തനിമയുടെ ആവിഷ്ക്കാരങ്ങളാവുന്നു.

    അതുപോലെ ഒന്നാണ് മൂന്നു ഉലക്കകൾ തട്ടിമുട്ടാതെ ഒരേകുഴിയിൽ (കുന്താണിയിൽ ] അവരുടെ ശ്വാസത്തിൻ്റെ കിതപ്പനുസരിച്ച് ഒരേ താളത്തിൽചലിക്കുന്ന പെണ്ണുങ്ങളുടെ നെല്ലു കുത്തുകാഴ്ച (അദ്ധ്വാനംചിലപ്പോൾ സംഗീതമാവുന്നതും അതുവഴി സൃഷ്ടിക്കപ്പെടുന്നജീവതാളവും ഇത്തരം ദൃഷ്യങ്ങളിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുകയാണ്. 


  പുള്ളുവൻമ്മാർ, വെളിച്ചപ്പാടുകൾ, കുറവർ, മീൻകാരൻ ബാപ്പുമാർ, ഓട്ടുപാത്രകച്ചവടക്കാർ, തത്തക്കൂടുമായി ലക്ഷണം പറയാനെത്തുന്ന കുറത്തിമാർ... ഇങ്ങനെ ഒരുകാലത്ത് ദേശത്തിൻ്റെ ജീവിതത്തെ ചലനാത്മകമാക്കിയിരുന്ന കാർഷികകാല സംസ്കൃതിയെ അയത് നലളിതമായ ഭാഷയും ശൈലിയും ഉപയോഗിച്ച് "പാട്ടുരാശിയിലെവണ്ടി " യെ  രാജൻ ഒരു ഏറനാടൻ ചരിത്ര ഗാഥയാക്കി മാറ്റുന്നു.

    കിഴക്കൻഏറനാടിൻ്റെ കൊളോക്കിയൽ നാട്ടുഭാഷയുടെ വന്യസൗന്ദര്യം തുളുമ്പുന്ന പ്രയോഗങ്ങൾ നോവലിൽഎമ്പാടും കാണാം. അതിൽ ചിലതാണ് ചെന്തുക്കുടിച്ചി, പാൽപ്പണിക്കാരുടെ കൂക്കൽ, പുല്ലൂട്ടി,.. തുടങ്ങി അന്യം നിന്നുപോയ ഒരു ഭാഷയുടെ തനിമയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ വലിയൊരു ചരിത്രദൗത്യംകൂടി പാട്ടു രാശിയിലെവണ്ടി ലക്ഷ്യമിടുന്നു.

          കോന്തലകൊണ്ട് മുഖത്തെ വിയർപ്പു തുടച്ച് മുട്ടായി നിറച്ചകുട്ട നിലത്തിറക്കി അതിൽ നിന്നും ലാസഞ്ചർ മിഠായി കുഞ്ഞുട്ടന് നീട്ടി കുഞ്ഞാത്തുട്ടി താത്തപറഞ്ഞു. "ഇഞ്ചെകുട്ടിതിന്നോ " അപ്പോൾ പണിക്കാരും വീട്ടുകാരും ഓപ്പോളും താത്തയുടെ കുട്ടക്ക് ചുറ്റുംവന്നുകൂടുന്നരംഗം. "ഇപ്പ് മുളക് കൊത്തമല്ലി എന്ത്ത്താ മാണ്ടിയേത് പറഞ്ഞാളിം, ചന്തേല് മാങ്ങാൻ കിട്ടാത്ത മാന്തള്ണ്ട് മാങ്ങിക്കോളീം " കുഞ്ഞാത്തുട്ടി താത്ത പറയും..

എത്ര വലിയ സൗഹൃദത്തിൻ്റേയും നാട്ടനൻമ്മയുടെയും വിളനിലങ്ങളായിരുന്നു ആ നാട്ടിൻപുറങ്ങൾ എന്ന്  പലയിടത്തായി സാക്ഷ്യപ്പെടുത്തുന്നുണ്ട് ഇത്തരം വിവരണങ്ങളിലൂടെ നോവലിൽ.

[  ]   മുറംകീറിദേശത്ത് വരാൻപോകുന്ന കർഷക, കർഷകതൊഴിലാളി മുന്നേറ്റത്തിൻ്റെ രാഷ്ട്രീയ സൂചനകൾ ദേശത്തിന്ലഭിക്കുന്നത്  നാലാം ക്ലാസ്സുകാരനായ അപ്പുട്ടി പീടിക കോലായിലിരുന്ന് ഉച്ചത്തിൽവായിക്കുന്നപത്രം വായനയിലൂടെയാണ്. ആ അറിവുവെച്ചാണ് അപ്പൂട്ടി പറയുന്നത് " നമ്മുടെ ഗോപാലൻകുട്ടി മാഷ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, വല്ലാതെ സുധാകരൻ്റീം വീരാണ്ണിയുടേയും കൂടെ ആരുംകൂടണ്ടാന്ന്. " 


ഏറനാട്ടിലെ കർഷകൻ്റെയും കർഷകതൊഴിലാളിയുടേയും ദുരിത ജീവിതത്തിന് എങ്ങനെ അറുതി വരുത്താം എന്ന് ചിന്തിച്ചു നടക്കുന്നവരായിരുന്നു മേൽ പറഞ്ഞവരൊക്കെ . ജൻമ്മിത്വവും ഫ്യൂസലിസവും അരങ്ങുവാണ ആ പഴയ കാലത്തെ പുതിയ സൈബർയുഗത്തിൽ നിന്നു കൊണ്ട് രാജൻ ആവിഷക്കരിക്കുമ്പോൾ ഗ്രാമവിശുദ്ധിയും നഗരത്തിൻ്റെ അരാജകത്തവും പലപ്പോഴും താരതമ്യത്തിനു വിധേയമാവുന്നുണ്ട്. എന്തായിരുന്നു ഏറനാട്ടിലെ കർഷകരും കർഷക തൊഴിലാളികളും നേരിട്ട ജീവിതത്തിൻ്റെ കയ്പ്പേറിയ അനുഭവങ്ങൾ, എങ്ങിനെയാണ് അവർ അതിൽനിന്നും മോചിതരാവാൻ സ്വീകരിച്ചമാർഗം? എത്ര മനോഹരവും സ്വതസിദ്ധവുമായ ശൈലിയിലാണ് ആ ഗതകാലങ്ങൾ പാട്ടുരാശിയിലെവണ്ടി യിൽ അനാവൃതമാകുന്നതെന്നുകാണാം ഈ പുസ്തകത്താളുകളിൽ .. 


ബീരാണ്ണിയും സുധാകരനും ഗോപാലൻകുട്ടിമാഷും തുടങ്ങി വെച്ച മുറംകീറിയിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിൻ്റെ കഥപറയുന്നിടത്ത് വലിയ വിശദീകരണമൊന്നും ഇല്ലെങ്കിലും ഇത് ഏറനാട്ടിൽനടന്ന കാർഷിക മുന്നേറ്റത്തിൻ്റെ ചരിത്ര സൂചകംതന്നെയായിമാറുന്നു. 


"അതാണ് താലപ്പൊലിപറമ്പിൽനിന്നും പുറപ്പെട്ട ജാഥ നടുവരമ്പിലൂടെ പാടവും തോടും കടന്ന് പള്ളിയാലിലൂടെ കാളികാവിലെത്തി " എന്നവരികളിൽ വായിച്ചെടുക്കേണ്ടത്. ഈശ്വരൻനമ്പൂതിരിയും തുടർന്ന് സഖാവ്കുഞ്ഞാലിയും കാളികാവിൽ താമസിച്ചുകൊണ്ട്  കർഷകർക്കും തോട്ടംതൊഴിലാളികൾക്കും ഇടയിൽനടത്തിയ ഉജ്ജ്വലമായ സമര ചരിത്രങ്ങളിലേക്കുതന്നെയാണ്  "പാട്ടു രാശിയിലെവണ്ടി" യുടെ ചക്രങ്ങളുരുളുന്നത്.

അതോടെ രാജൻ കരുവാരകുണ്ടിൻ്റെ തൂലികയിൽ നിന്നും പിറന്നുവീണ ഒരു ചരിത്ര ഗാഥയായി അത് വായനക്കാരിലേക്ക് പടരുകയും ചെയ്യുന്നു.

                                      o 


പ്രസാധകർ

പൂർണ്ണ പബ്ലിക്കേഷൻസ്

കോഴിക്കോട്.

വില:  200. രൂപ

               o

     കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി

     പി.ഒ. അഞ്ചച്ചവിടി

       വഴി,   കാളികാവ്

     പിൻ: 676525

     ഫോൺ:   9048540779

                         o

                        


    

Comments

Popular posts from this blog

2011 ജാനുവരി 26

bloggers meet, thunjanparambu,tirur.april 17